പ്രൊഫ. എം. ജി.എസ്. നാരായണൻ അനുസ്മരണം

ചരിത്ര പഠന-ഗവേഷണമേഖലയില്‍ പെരുമാക്കന്മാരുടെ ഗരിമയിലേക്കുയര്‍ന്ന തലപ്പൊക്കമുള്ള ഒരു നാമധേയമേ ആധുനിക കേരളത്തിന് ചൂണ്ടിക്കാണിക്കാനുള്ളൂ. അത്. ഡോ. എം. ജി.എസ്. നാരായണന്‍ ആണ്. ചരിത്രാധ്യാപകനും ഗവേഷകനും ഗ്രന്ഥകര്‍ത്താവും സാമൂഹിക വിമര്‍ശകനും കവിയും ചിത്രകാരനുമെല്ലാമായി പല മണ്ഡലങ്ങളിൽ വളര്‍ന്നു പടര്‍ന്നു നിന്ന അസാമാന്യ ധീഷണാവൈഭവം. കേരളത്തിന്‍റെ ധൈഷണിക മണ്ഡലത്തിൽ പറഞ്ഞറിയിക്കാനാകാത്തത്രയും ശൂന്യത സൃഷ്ടിച്ചുകൊണ്ട് പിരിഞ്ഞുപോയ എം.ജി.എസ്. പക്ഷേ അവശേഷിപ്പിച്ചത് വിജ്ഞാനത്തിന്‍റെ അമൂല്യമായ വലിയൊരു നിധിശേഖരമാണ്. സക്രിയമായി തുടര്‍ന്ന തന്‍റെ ലോകയാത്രയിൽ മൂന്നു വര്‍ഷം അദ്ദേഹം പൈതൃകപഠനകേന്ദ്രത്തിന്‍റെ അമരക്കാരനായി. പഠനകേന്ദ്രത്തിന്‍റെ നാള്‍വഴിയിൽ ഏറെ ദീപ്തമായിരുന്നു ആ കാലം. വിടപറഞ്ഞു പിരിഞ്ഞ പഠനകേന്ദ്രസാരഥിയുടെ സമുജ്വല സ്മരണക്കുമുമ്പില്‍ പഠനകേന്ദ്രം ജീവനക്കാരും സഹയാത്രികരും പ്രണാമമര്‍പ്പിച്ചുകൊണ്ട് 2025 ജൂണ്‍ 26-ന് അനുസ്മരണപ്രഭാഷണം സംഘടിപ്പിക്കുകയുണ്ടായി.